Sunday 30 November 2014

പഴശ്ശി ദിനം


കേരളത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടു രാജാക്കാന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നില്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.1805 നവംബർ 30ന് ആ വീര സിംഹം മാവിലത്തോട്ടിൻ തീരത്ത് വെടിയേറ്റു മരിച്ചു. അദ്ദേഹത്തിനായുള്ള സ്മാരകം കണ്ണൂര്‍ ജില്ലയിലെ പഴശ്ശി കോവിലകത്തിനു സമീപം നവംബര്‍ 30 ന് നാടിനു സമര്‍പ്പിച്ചു. ബ്രിട്ടീഷുകാര്‍ കൂര്‍ഗ് -തലശ്ശേരി സംസ്ഥാന പാതയുണ്ടാക്കിയത് പഴശ്ശി കോവിലകം ഇടിച്ചു നിരത്തിയാണ്. ആ ധീര യോദ്ധാവിനെ ഞങ്ങള്‍ സാദരം നമിക്കുന്നു.


പച്ചക്കറി വിളവെടുപ്പ്

പാണൂര്‍ ഗവ.എല്‍.പി.സ്കൂളിലെ പച്ചക്കറികളുടെ ആദ്യ വിളവെടുപ്പ് നവംബര്‍ 28 ന് നടന്നു. വിളവെടുത്ത വെണ്ടക്ക ഉപ്പേരിയും സാമ്പാറുമുണ്ടാക്കാന്‍ ഉപയോഗിച്ചു.







Saturday 22 November 2014

ശാസ്ത്ര മേള

      ഉപജില്ലാ ശാസ്ത്ര മേളയില്‍ ലഘുപരീക്ഷണത്തില്‍ ഒന്നാം സ്ഥാനം നേടിയ ദേവിക മധു, ശ്രീഹരി എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ഇന്ദിര അസംബ്ലിയില്‍ വെച്ച് നല്‍കി.


അന്താരാഷ്ട്ര ശിശുദിനം

      കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഉടമ്പടി അംഗരാജ്യങ്ങള്‍ അംഗീകരിച്ച 1989 നവംബര്‍ 20 ന്റെ ഓര്‍മ്മപുതുക്കി  പാണൂര്‍ സ്കൂളിലും  ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച പവര്‍പോയിന്റ് അവതരണം നടത്തി. അവകാശ ലംഘനങ്ങള്‍ പരിഹരിക്കപ്പെടേണ്ടതെങ്ങിനെയെന്നും വിശദീകരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.





Monday 17 November 2014

ബാലോത്സവം

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കുട്ടികളുടെ ചാച്ചാജിയുമായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125 ാം ജന്മദിനം വിദ്യാലയത്തില്‍ വിപുലമായി ആഘോ‍ഷിച്ചു. കുട്ടികളുടെ കലാ പരിപാടികള്‍, അനുസ്മരണം, ക്വിസ്സ് , പായസ വിതരണം തുടങ്ങിയവ നടന്നു.

രക്ഷാകര്‍തൃ സംഗമം

          സര്‍വ്വശിക്ഷാ അഭിയാന്റെ നിര്‍ദ്ദേശാനുസരണം ചേര്‍ന്ന  രക്ഷിതാക്കളുടെ സംഗമത്തില്‍ എങ്ങിനെ നല്ല രക്ഷിതാവാവാം, അവകാശാധിഷ്ഠിത വിദ്യാലയം, ശുചിത്വ വിദ്യാലയം, ശിശുസൗഹൃദ വിദ്യാലയം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടന്നു. മികവാര്‍ന്ന വിദ്യാലയം സാക്ഷാത്കരിക്കാന്‍ എന്തെല്ലാം ചെയ്യണമെന്നും രക്ഷിതാക്കളുമായി സംവദിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.എം ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ. ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതമാശംസിച്ചു. ശ്രീ.സജിത്ത് കുമാര്‍, ശ്രീമതി ലളിത, ശ്രീമതി ഇന്ദിര എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Friday 7 November 2014

സി.വി.രാമന്‍ ജന്മദിനം

     ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമന്‍ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബല്‍ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനാണ് സി.വി.രാമന്‍. വളരെ തുച്ഛമായ തുക മാത്രം ചെലവഴിച്ച് സ്വയം നിര്‍മ്മിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് അദ്ദേഹവും ശിഷ്യന്മാരും ഈ നേട്ടം കൈവരിച്ചത്. മികച്ച അധ്യാപകനായ സി.വി.രാമന്‍ തന്റെ ശിഷ്യന്മാര്‍ക്ക് യഥാര്‍ത്ഥ ഗുരുനാഥനായിരുന്നു. ഇന്ത്യയില്‍ ശാസ്ത്രഗവേഷണത്തിന് അടിത്തറയിട്ട അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മധുരഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നത്.

 
 
          ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നു 1948-ൽ അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരിൽ അദ്ദേഹം  രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. 1954-ൽ അദ്ദേഹത്തിനു ഭാരതരത്ന പുരസ്കാരം ലഭിച്ചു 1970 നവംബർ 21 തന്റെ 82-മത്തെ വയസ്സിൽ സി .വി. രാമൻ മരണമടഞ്ഞു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളും നടന്നില്ല. ശാസ്ത്രത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആ മഹാ പ്രതിഭാശാലിക്ക് ഇനിയും ധാരാളം പിന്‍ഗാമികള്‍ ഉയര്‍ന്നു വരട്ടെ.

കേരളപ്പിറവി ദിനാഘോഷം

      കേരളത്തിന്റെ 57- ാമത്  പിറന്നാള്‍ വിവിധങ്ങളായ പരിപാടികളോടെ വിദ്യാലയത്തില്‍ ആഘോഷിച്ചു. അസംബ്ലിയില്‍ മലയാളഭാഷാ പ്രതി‍ജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കേരളപ്രശ്നോത്തരി, കേരളഭാഷാ ഗാനാലാപന മത്സരം, കേരളത്തിലെ പ്രധാന സ്ഥലങ്ങളുടെ ചലന ദൃശ്യങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവ നടത്തി.