Sunday 19 October 2014

വിജ്ഞാനോത്സവം

     2014 ഒക്ടോബര്‍ 19 ന് ഗവ.എല്‍.പി.സ്കൂള്‍ ഇരിയണ്ണിയില്‍ വെച്ച് നടന്ന മുളിയാര്‍ ഗ്രാമപഞ്ചായത്ത് തല യൂറീക്ക വിജ്ഞാനോത്സവത്തില്‍ പാണൂര്‍ ഗവ.എല്‍.പി.സ്കൂളിലെ ദേവിക മധു ഒന്നാമതെത്തി അഭിമാന താരയമായി. ദേവികക്ക് എല്ലാ വിധ അഭിനന്ദനങ്ങളും . വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത ശ്രീഹരി, കീര്‍ത്തന, ആരോമല്‍, ശിവനന്ദ എന്നിവരും മികച്ച പ്രകടനം നടത്തി.


Tuesday 14 October 2014

Blog Inaguration

ബ്ലോഗ് ഉദ്ഘാടനം


ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഐ.ടി അറ്റ് സ്കൂളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കേരളത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനമായിരുന്നു ബ്ലെന്‍ഡ്. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളെയും ബ്ലോഗ് എന്ന നവ സാമൂഹ്യ മാധ്യമത്തിലൂടെ  ബന്ധിപ്പിച്ചുകൊണ്ട് പരസ്പരം അറിയുക, മികവ് നേടുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള തുടക്ക പ്രവര്‍ത്തനമായിരുന്നു ഇത്.  ബ്ലെന്‍ഡ് പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തില്‍ എല്ലാ വിദ്യാലയങ്ങളും സ്വന്തമായി ബ്ലോഗ് നിര്‍മ്മിച്ചു കഴിഞ്ഞു. പാണൂര്‍ ഗവ.എല്‍.പി.സ്കൂള്‍ നിര്‍മ്മിച്ച  ബ്ലോഗിന്റെ ഉദ്ഘാടനം ബഹു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.ഭവാനി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.എം.മാധവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.











POSTAL DAY

തപാല്‍ ദിനങ്ങള്‍

       ലോക തപാല്‍ ദിനമായ ഒക്ടോബര്‍ 9, ദേശീയ തപാല്‍ ദിനമായ ഒക്ടോബര്‍ 10 എന്നീ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. കുട്ടികള്‍ ആവേശ പൂര്‍വ്വം മത്സരത്തില്‍ പങ്കെടുത്തു. പഴയതും പുതിയതുമായ വിവര വിനിമയ സംവിധാനങ്ങളെക്കുറിച്ച്  ലളിത ടീച്ചര്‍ അസംബ്ലിയില്‍ സംസാരിച്ചു.


Friday 10 October 2014

നോബല്‍ സമ്മാനം


     ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (2006-ലെ കണക്കു പ്രകാരം ഏതാണ്ട് 6 കോടി 26 ലക്ഷം ഇന്ത്യന്‍ രൂപ ) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു.  
 
         ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സമാധാനം, സാഹിത്യം, സാമ്പത്തിക ശാസ്ത്രം  എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന പുരസ്‌കാരമാണ്‌ നോബൽ സമ്മാനം. ഡൈനാമിറ്റ് എന്ന സുരക്ഷിതമായ സ്ഫോടക വസ്തു കണ്ടുപിടിച്ച സ്വീഡിഷ് രസതന്ത്രജ്ഞനായ ആല്‍ഫ്രഡ് നോബല്‍ ഏര്‍പ്പെടുത്തിയതാണ് നോബല്‍ സമ്മാനം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്നതാണ് നോബല്‍ സമ്മാനം. ഇപ്രാവശ്യത്തെ സമാധാന നോബല്‍ പങ്കിട്ടത് വിദ്യാഭ്യാസ അവകാശത്തിനായി താലിബാന്‍ ഭരണകൂടവുമായി പൊരുതിയ മലാല യൂസഫും കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന കൈലാസ് സത്യാര്‍ത്ഥിയുമാണ്. കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിച്ച നോബല്‍ തിളക്കത്തില്‍ പാണൂര്‍ സ്കൂളിന്റെ അഭിനന്ദനങ്ങള്‍ ..


 

ഗാന്ധി ജയന്തി വാരാഘോഷം

          ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു. ഒക്ടോബര്‍ 2 മുതല്‍ 10 വരെ നടന്ന ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു. 



പരിസര ശുചീകരണം, ജൈവ - അജൈവ മാലിന്യ സംസ്കരണം, പൈപ്പ് കമ്പോസ്റ്റിംഗ് സ്ഥാപനം, ഗാന്ധി ക്വിസ്സ്, ദണ്ഡി യാത്ര- ഡോക്യു-ഡ്രാമ വീഡിയോ പ്രദര്‍ശനം, 




പതിപ്പ് തയ്യാറാക്കല്‍, ഗാന്ധി സൂക്ത ശേഖരണം, പച്ചക്കറി കൃഷി വ്യാപനം, ശുചിത്വ പ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ വാരാഘോഷത്തിന്റെ ഭാഗമായി നടത്തി.



Thursday 2 October 2014

ഗാന്ധിജയന്തി- സേവന ദിനം

 മഹാത്മാ ഗാന്ധി
       സ്വാതന്ത്ര്യ സമരനേതാവും ലോകത്തിന്റെ വഴികാട്ടിയുമായിരുന്ന നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനം ഇന്ന്.  കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
    ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചു.എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വാശ്രയ ഭാരതം സ്വപ്നം ക​ണ്ടു. അദ്ദേഹത്തിന്റെ ജന്മദിനം  നാടെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി നാം ആഘോഷിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ 2 ലോക അഹിംസാ ദിനമായും ആഘോഷിക്കുന്നു.
    പാണൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ ഗാന്ധിജയന്തി ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളോടെയാണ് ആഘോഷിക്കുന്നത്. പരിസര ശുചീകരണം, പച്ചക്കറിത്തോട്ട നിര്‍മ്മാണം, ഗാന്ധി ക്വിസ്സ്, ഗാന്ധി സിനിമ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, ഗാന്ധി സൂക്ത ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.




നവരാത്രി ആശംസകള്‍

തിന്മക്ക് മേല്‍ നന്മയുടെ വിജയവുമായി വീണ്ടുമൊരു നവരാത്രിക്കാലം  കൂടി ...
വിദ്യയുടെ വെളിച്ചത്തിലേക്ക് വീണ്ടും നമുക്ക് മിഴി തുറക്കാം.. . .
എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍ !




ക്ലാസ്സ് തല പി.ടി.എ

       പാദവാര്‍ഷിക മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായുള്ള ക്ലാസ്സ് തല രക്ഷാകര്‍തൃസംഗമം വിദ്യാലയത്തില്‍ നടന്നു. കുട്ടികളുടെ പ്രകടനങ്ങള്‍, പോര്‍ട്ട് ഫോളിയോകള്‍, ഉത്തരക്കടലാസുകള്‍, സ്റ്റുഡന്റ് ഇവാല്വേഷന്‍ പ്രൊഫൈല്‍ തുടങ്ങിയവ പരിചയപ്പെട്ടു. 
            തുടര്‍ന്ന് എങ്ങനെ നല്ല രക്ഷാകര്‍ത്താവാവാം എന്നും കുട്ടികളെ മികവിലേക്ക് നയിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചും ക്ലാസ്സ് നടത്തി. വിദ്യാലയത്തിലെ അധ്യാപകന്‍ ശ്രീ.സജിത്ത് കുമാര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. മംഗള്‍യാന്‍, അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷം എന്നിവയെക്കുറിച്ചും പ്രസന്റേഷന്റെ സഹായത്തോടെ പരിചയപ്പെടുത്തി.